തിരുവനന്തപുരം : എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നിയോഗിച്ചു. അടിയന്തിരമായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പി.സി ചാക്കോയോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷവുമായുള്ള ചര്‍ച്ചകളില്‍ ഇനി എന്‍സിപിയെ നയിക്കുക ചാക്കോയാകും. എ.കെ ശശീന്ദ്രനെ മന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെയാണ് ചാക്കോയെ അധ്യക്ഷനാക്കുന്നത്.
ശശീന്ദ്രനും പീതാംബരന്‍ മാസ്റ്ററും തമ്മില്‍ വലിയ ഭിന്നതയുണ്ടായിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു പീതാംബരന്‍ മാസ്റ്ററിന് താല്‍പ്പര്യം. എന്നാല്‍ ദേശീയ നേതൃത്വം ശശീന്ദ്രനെ പിന്തുണച്ചു. ഇതോടെ പീതാംബരന്‍ മാസ്റ്ററിന് പാര്‍ട്ടി ഭാരവാഹിത്വം നഷ്ടമാകുമെന്ന സൂചനകളെത്തി. ഇതാണ് ഇപ്പോള്‍ ശരിയാകുന്നതും. എന്നും ശരത് പവാറിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യരില്‍ ഒരാളായിരുന്നു പിസി ചാക്കോ. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ചാക്കോ എന്‍സിപിയില്‍ എത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് ചാക്കോ രാജിവെച്ച ഉടന്‍ തന്നെ എന്‍.സി.പി. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിലാണ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ കടുത്ത വിമര്‍ശന മുന്നയിച്ചാണ് പി.സി.ചാക്കോ രാജിവെച്ചത്. എന്‍.സി.പി. നേതാവും ദേശീയ രാഷ്ട്രീയത്തിലെ ശക്തനുമായ ശരത് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പി.സി.ചാക്കോ. എന്‍.സി.പി. കേരളത്തില്‍ രൂപീകൃതമായ കാലത്തുതന്നെ ചാക്കോ എന്‍.സി.പിയിലേക്ക് പോകുമെന്ന് പ്രചരണം ഉയര്‍ന്നിരുന്നു. പിന്നീട് ശരത്പവാറുമായി ഈക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയും ചെയ്തിരുന്നു.
ശരത് പവാര്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാര്‍ എന്‍സിപി ഉണ്ടാക്കിയപ്പോള്‍ ചാക്കോയും കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് കരുതി. എന്നാല്‍ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി ചാക്കോ കോണ്‍ഗ്രസില്‍ നിന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി. പല നിര്‍ണ്ണായക ചുമതലകളും വഹിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കാലിടറിയതോടെ ചാക്കോയുടെ കഷ്ടകാലം തുടങ്ങി. തോമസിനെ പോലെ ചാക്കോയും രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടായി. ഇതോടെ കോണ്‍ഗ്രസില്‍ ആരും പരിഗണിക്കാത്ത നേതാവായി പിസി ചാക്കോ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല. രാജ്യസഭയിലേക്കും പരിഗണിച്ചില്ല. നിയമസഭയിലും അവഗണന നേരിട്ടു.
എന്‍സിപിയുടെ കേരളാ ഘടകത്തെ നയിക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് ചാക്കോയെ ശരത് പവാര്‍ എന്‍സിപിയില്‍ എത്തിച്ചത്. പീതാംബരനും എകെ ശശീന്ദ്രനും എന്നും അടിയാണ്. തോമസ് ചാണ്ടി പോയതോടെ എന്‍സിപി കേരളത്തില്‍ നാഥനില്ലാ കളരിയായി. ഉഴവൂര്‍ വിജയന്റെ മരണവും അംഗീകാരമുള്ള നേതാവിന്റെ അഭാവമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ സംഘടനയെ ചലിപ്പിക്കാന്‍ പിസി ചാക്കോയ്ക്ക് കഴിയുമെന്ന് ശരത് പവാര്‍ തിരിച്ചറിയുന്നത്. എന്‍സിപിയുടെ സംസ്ഥാന നേതൃത്വം പിസി ചാക്കോയെ ഏല്‍പ്പിക്കാനാണ് ശരത് പവാറിനും താല്‍പ്പര്യം.
ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു പി.സി. ചാക്കോ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെ രാജിവെച്ചിരുന്നു. 2013ല്‍ ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോണ്‍ഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് ചാക്കോ ആരോപിച്ചിരുന്നു. അന്ന് മുതല്‍ ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി ചാക്കോ മാറി. ടുജി സ്പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്ന ചാക്കോ പിന്നീട് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ അപ്രസക്തനായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ സ്ഥാനങ്ങളും ഇല്ലാതെയായി.
1980ല്‍ ആദ്യമായി നിയമസഭയില്‍ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്ത നേതാവാണ് പിസി ചാക്കോ. പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. 1991 ല്‍ പത്താം ലോകസഭയിലേക്കും, 1996 ല്‍ പതിനൊന്നാം ലോകസഭയിലേക്കും, 1998ല്‍ പന്ത്രണ്ടാം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ല്‍ തൃശ്ശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു പതിനാലാം ലോക്സഭയിലെ പ്രമുഖരില്‍ ഒരാളായി. പക്ഷേ 2014ല്‍ ചാലക്കുടിയില്‍ മത്സരിച്ച ചാക്കോയെ ഇന്നസെന്റ് പരാജയപ്പെടുത്തുകയായിരുന്നു.