തിരുവനന്തപുരം : വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സ്ത്രീപീഡന വിവരം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി എന്‍.സി.പി നേതാക്കള്‍ രംഗത്ത്. പീഡനക്കേസില്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാനാണ് ശശീന്ദ്രന്‍ ശ്രമിച്ചതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു.
അനാവശ്യമായ സംസാരം മന്ത്രി നടത്തിയിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമാണ് എന്‍.സി.പി നിയമസഭ കക്ഷി നേതാവ് തോമസ്.കെ തോമസ് പറഞ്ഞത്. എന്‍.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡന്റിനോടാണ് എ.കെ ശശീന്ദ്രന്‍ ഫോണില്‍ സംസാരിച്ചത്.
ബ്ലോക്ക് പ്രസിഡന്‍റും എന്‍.സി.പി നിര്‍വാഹക സമിതി അംഗവും തമ്മില്‍ മാസങ്ങളായി പ്രശ്നമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണം തന്റെയാണെന്നു സമ്മതിച്ച മന്ത്രി ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞു.