കൊച്ചി : ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെക്കാളും യോഗ്യരായവര്‍ കോണ്‍ഗ്രസില്‍ ഏറെയുണ്ടെന്നും ഏറ്റവും അധികം വിധേയനാകുന്ന പ്രസിഡന്റ് വേണമെന്ന ചിലരുടെ താത്പര്യമായിരിക്കാം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പിന്നിലെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. ആദ്യ എന്‍.സി.പി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടക്കുമോ എന്നു തന്നെ ഉറപ്പില്ല. തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പുതിയ അധ്യക്ഷന് കഴിയില്ല. നിലവില്‍ രണ്ട് സംസ്ഥാനത്ത് മാത്രമേ അധികാരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ രാജസ്ഥാനില്‍ സ്ഥിതി തുലാസിലായി. കോണ്‍ഗ്രസ് അവരുടെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ബി.ജെ.പി ഇതര പ്രതിപക്ഷ ഐക്യത്തിനായി ഒപ്പംനില്‍ക്കണം.