തിരുവനന്തപുരം: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. വനിത കമ്മീഷന്‍ അദ്ധ്യക്ഷയുടെ ചരിത്രമൊക്കെ തനിക്കറിയാമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ സി.പി.എം എം.എല്‍.എക്കെതിരെ ഒരു പാര്‍ട്ടി സഖാവ് ലൈംഗിക പീഡനത്തിന് കേസ് കൊടുത്തത്. ആരോപണം പാര്‍ട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞത്. മറ്റുളളവരെല്ലാം കോടതിയില്‍ പോണം, സി.പി.എമ്മുകാര്‍ വൃത്തികെട്ട പണി ചെയ്‌താല്‍ പാര്‍ട്ടി കമ്മിറ്റി. ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവര്‍ പ്രതികരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
യൂട്യൂബറെ ആക്രമിച്ച സ്ത്രീകള്‍ക്ക് ചേര്‍ന്ന അതേ സ്വഭാവമാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷയ്‌ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്‌മിയെ അവര്‍ പിന്തുണച്ചത്. താന്‍ സ്‌ത്രീകളെ അപമാനിച്ച് വര്‍ത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരുടെ ചരിത്രം പറയുന്നില്ല. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂവെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരുമെന്ന് നേരത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. സൈബര്‍ നിയമത്തില്‍ പരിമിതികളുണ്ടെന്നും ഇത് മറികടക്കാന്‍ ഭേഗഗതി വരുത്തണമെന്നും എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.