തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ചു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും മുപ്പത് വര്‍ഷം എംഎല്‍എ ആയിരുന്ന തന്നെയും കുടുംബത്തേയും പോലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. വെണ്ണലയില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു. പി സി ജോര്‍ജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കായംകുളം സ്വദേശി ഷിഹാബുദ്ദീന്‍ ഹരജി നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി സി ജോര്‍ജ് ഒളിവിലായിരുന്നു.
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. ഈ ഹർജിയിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസില്‍ തന്റെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പി സി ജോര്‍ജ് ഹർജിയില്‍ പറഞ്ഞു. മൂന്ന് ദിവസമായി പി സി ജോര്‍ജിനെ തിരയുകയാണെന്നും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞിരുന്നു.