തിരുവനന്തപുരം : അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കി. ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോര്‍ജിന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. തൃക്കാക്കരയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ പരിമിതിയില്‍ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് ഇന്നലെ പറഞ്ഞത്.
33 വര്‍ഷമായി നിയമസഭാംഗമായിരുന്ന പി സി ജോര്‍ജ് നിയമത്തിന്‍റെ പിടിയില്‍ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മറിച്ചായാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോര്‍ജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാല്‍ ഇനിയും ഇത്തരം പ്രസംഗം ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോര്‍ജിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളില്‍ ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ പി സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുമിറങ്ങി. ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവെയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി.സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.