തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. ഇതോടെ ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുക. രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ ജോര്‍ജിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് മര്‍ദിക്കുമെന്ന ഭയമുണ്ടോ എന്ന് പി.സി. ജോര്‍ജിനോട് കോടതി ചോദിച്ചിരുന്നു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പോലീസിനെതിരെ പരാതിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പോലീസ് പി.സി. ജോര്‍ജിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പോലീസ് പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായി. 8.30 ഓടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. ഒരു മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോയി.
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാധികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മെയ് ഒന്നിനാണ് പി സി ജോര്‍ജ്ജിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഇതില്‍ വിശദമായ വാദം കേട്ട കോടതി പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.
ജാമ്യത്തിലിരിക്കെ വെണ്ണലയില്‍ പിസി ജോര്‍ജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോര്‍ജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടര്‍ത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നല്‍കി. പിന്നാലെ വെണ്ണല കേസില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായ പിസി ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.