കോട്ടയം : സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്. സര്‍ക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്നും ഞായറാഴ്ചത്തെ ചോദ്യം ചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പോലീസ് നോട്ടിസ് നല്‍കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍വെച്ച് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നായിരുന്നു പി.സി. ജോര്‍ജ് ജയില്‍ മോചിതനായശേഷം വ്യക്തമാക്കിയത്. എന്നാല്‍,കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പി.സി. ജോര്‍ജിനു തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാകില്ല.
കേസില്‍ പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി. ജോര്‍ജിന്റെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പി.സി. ജോര്‍ജിനെതിരെ ചുമത്താന്‍ പോലീസിനും പ്രോസിക്യൂഷനും സാധിക്കും. ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ ശബ്ദപരിശോധന നടത്തേണ്ടതുണ്ടെന്നും പോലീസ് നോട്ടീസില്‍ പറയുന്നു.