തിരുവനന്തപുരം : താന്‍ വലിയ ആവേശത്തോടുകൂടിയാണ് സഭയിലേക്ക് കടന്നുവന്നത് എന്ന ആമുഖത്തോടുകൂടിയാണ് കര്‍ഷകബില്ലിനെതിരായ പ്രമേയം പാസ്സാക്കാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പി. സി ജോര്‍ജ് സംസാരിച്ചു തുടങ്ങിയത്.
കേന്ദ്ര ഗവണ്‍മെന്‍റിന്റെ തെറ്റായ ഈ നയത്തിനെതിരെ രണ്ട് വര്‍ത്തമാനം പറയാമല്ലോ എന്ന ആവേശമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വന്ന് മുഖ്യമന്ത്രിയുടെ പ്രമേയംകൂടി കേട്ടപ്പോള്‍ ആവേശം ഇരട്ടിയായി. പ്രതിപക്ഷത്തുനിന്നുള്ള കെ.സി ജോസഫിന്റെ ഭേദഗതികള്‍ കൂടി കേട്ടപ്പോള്‍ ആവേശം നാലിരട്ടിയായി. അവസാനം ഒ.രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്നമായി. കര്‍ഷകവിരുദ്ധനയമല്ലിത് കര്‍ഷകനെ വളര്‍ത്താനുള്ള നയമാണിത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനിനി ഈ പ്രമേയത്തെ അനുകൂലിച്ചാ ഞാനും കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവനായിപ്പോകില്ലേ എന്ന പേടിയാണ് ഇപ്പോള്‍ എനിക്കുള്ളത് എന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ പി സി ജോര്‍ജ് പക്ഷേ ബിജെപിയുടെ നയങ്ങളെ നിശിതമായ ഭാഷയില്‍ സഭയില്‍ വിമര്‍ശിച്ചു.
കര്‍ഷകരുടെ തലയ്ക്കടിക്കുക മാത്രമല്ല അവരെ കൊന്നുതിന്നുന്ന ഒരു നിയമം കൊണ്ടുവന്നിട്ട് ഇതെല്ലാം വളരെ ശരിയാണ് എന്ന് പറയുന്നത് ഉളുപ്പില്ലാത്ത സ്വഭാവം എന്നല്ലാതെ എന്ത് പറയാനെന്നായിരുന്നു പി സി ജോര്‍ജിന്റെ വിമര്‍ശനം. പെട്രോളിന്‍റെ വില വര്‍ധിക്കുമ്പോള്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും മിണ്ടാതിരിക്കുന്നതെന്താണ്. വില കൂട്ടുമ്പോള്‍ കിട്ടുന്ന നക്കാപ്പിച്ചക്ക് വേണ്ടിയല്ലേ അത്. പെട്രോള്‍ വില വര്‍ധനവിനെതിരെ ശബ്ദിക്കാനുള്ള ബാധ്യതയില്ലേ നമുക്ക്. അതുപോലെ ഇന്ന് എവിടെ വിറക് കിട്ടാനുണ്ട്. പാചക വാതകത്തിന്റെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും ആരും ചൂണ്ടിക്കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ കാണിച്ചത് ശുദ്ധ മര്യാദകേടാണെന്നും പ്രമേയം അവതരിപ്പിക്കാൻ അവസരം ഒരുക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് പി സി ജോര്‍ജ് തന്റെ സംസാരം അവസാനിപ്പിച്ചത്.