കോട്ടയം : ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ ഒറ്റയ്ക്ക് നിന്നുള്ള വിജയത്തിന്റെ തിളക്കം ചൂണ്ടിക്കാട്ടി വീണ്ടും യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമവുമായി പിസി ജോര്‍ജ് രംഗത്ത്. പൂഞ്ഞാര്‍ ഡിവിഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജും തീക്കോയി, പൂഞ്ഞാര്‍, തിടനാട് പഞ്ചായത്തുകളിലായി നാമമാത്ര അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫില്‍ പ്രവേശിക്കുന്നതിനുള്ള നീക്കങ്ങളാണ് ജനപക്ഷം ആരംഭിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്നലെ മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി പി.സി ജോര്‍ജ് രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ ഏത് സാഹചര്യത്തിലും പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം. അതിന് ‘എ’ ഗ്രൂപ്പിന്റെ പിന്തുണയുമുണ്ട്. പക്ഷേ ‘ഐ’ ഗ്രൂപ്പ് ജോര്‍ജ്ജിനെ ഏത് വിധേനയും മുന്നണിയിലെത്തിക്കണമെന്ന വാശിയിലുമാണ്. ജോസഫ് വാഴയ്ക്കന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനായി രംഗത്തുണ്ട്. അതേസമയം സോളാര്‍ പീഡനക്കേസില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യമായി അവഹേളിച്ച ജോര്‍ജിനെ മുന്നണിയിലെത്തിക്കുന്നത് ‘എ’ ഗ്രൂപ്പിന് ആലോചിക്കാന്‍പോലും കഴിയില്ല. അത്തരം നീക്കങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ‘ഐ’ ഗ്രൂപ്പ് നീക്കമായാണ് ‘എ’ വിഭാഗം കാണുന്നത്.
ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഒറ്റയ്ക്ക് നിന്ന് വിജയിച്ച ജനപക്ഷത്തിന്റെ സ്വാധീനത്തെ അവഗണിക്കാവുന്ന ശക്തിയായി കാണാനാകില്ലെന്നാണ് ‘ഐ’ വിഭാഗം പറയുന്നത്. ഒറ്റയ്ക്ക് മത്സരിച്ച് ഏതാനും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ജനപക്ഷം ബാനറില്‍ വിജയിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് ജോര്‍ജ് മുന്നണിയിലെത്തുന്നതിനോട് വിയോജിപ്പില്ല. പക്ഷേ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള മറ്റ് ഘടകകക്ഷികള്‍ ജോര്‍ജ്ജിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുമില്ല. അതിനാല്‍തന്നെ വരും ദിവസങ്ങളില്‍ ജോര്‍ജിന്റെ മുന്നണി പ്രവേശനം യുഡിഎഫില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാകും.