പാലാ : ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാന്‍ ഒരുങ്ങി പി.സി. ജോര്‍ജ്ജ് . മുന്നണി തീരുമാനം അറിയാന്‍ ഈ മാസം 24 വരെ കാത്തിരിക്കും. പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പി. സി. ജോര്‍ജ്ജ് വ്യക്തമാക്കി. പി.സി. ജോര്‍ജ്ജിനെ ഐക്യജനാധിപത്യ മുന്നണിയില്‍ എടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ ശക്തമാണ്. ഇതോടെയാണ് ജനപക്ഷത്തെ ഘടക കക്ഷിയാക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. സ്വതന്ത്രനായി നിന്നാല്‍ പൂഞ്ഞാറില്‍ പിന്തുണ നല്‍കാമെന്നാണ് യുഡിഎഫ് നേതാക്കള്‍ അറിയിച്ചത്.
എന്നാല്‍ ഈ നിലപാട് സ്വീകാര്യമല്ലെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പാലായില്‍ മത്സരത്തിന് എത്താനുള്ള സാധ്യതയും പി.സി. ജോര്‍ജ്ജ് തള്ളുന്നില്ല. കാഞ്ഞിരപ്പള്ളിയും അനുകൂലമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ കളത്തിലിറക്കി മണ്ഡലം മാറി മത്സരിക്കാനാണ് ആലോചന. മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതോടെയാണ് 24ന് മുമ്പ് തീരുമാനം അറിയിക്കാന്‍ പി.സി. ജോര്‍ജ് പരസ്യമായി യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെടുന്നത്.