കൊച്ചി : കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കത്തിൽ നിന്ന് തിരഞ്ഞെടുപ്പു കമ്മിഷനെ വിലക്കണം എന്നാവശ്യപ്പെട്ട് പി.സി.ജോർജ് എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പി.സി.ജോർജ് കോടതിയിലെത്തിയത്. പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുൻകരുതലുകളുമായി ഡിസംബർ മാസത്തോടെ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മിഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങിയ ബെഞ്ചണ് കേസ് പരിഗണിച്ചത്.