കൊച്ചി : കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എംഎല്‍എ യുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍. മികച്ച പാര്‍ലമെന്റേറിയനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തി നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പി.ടി തോമസിന്റേത് അപ്രതീക്ഷിത വിയോഗമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും അദ്ദേഹം അനുശോചിച്ചു. രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയായിരുന്നു പി.ടി തോമസെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
നഷ്ടമായത് ജേഷ്ഠ സഹോദരനെ ; വി.ഡി സതീശന്‍
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്…. എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി…. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി… വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല… പ്രണാമം….