തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സയ്ക്ക് പണം നല്‍കണമെന്ന സര്‍ക്കാരിന്റെ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് പി.സി വിഷ്ണുനാഥ്. രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ഇവിടെ മാത്രമാണുള്ളത് എന്ന വ്യാജ പ്രചരണം പോലും നടന്നിരുന്നെന്ന് വിഷ്ണുനാഥ് പറയുന്നു.
ഇമേജ് മാനേജ്‌മെന്റിന് ചെലവാക്കുന്ന ഊര്‍ജ്ജം സാമ്പത്തിക മാനേജ്‌മെന്റ്‌നും ആരോഗ്യ രംഗത്തെ ക്രൈസിസ് മാനേജ്‌മെന്റിനും ചെലവാക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി സി വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുള്ള ചികിത്സക്ക് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മനുഷ്യത്വരഹിതമാണ്. പല സംസ്ഥാനങ്ങളിലും സ്വകാര്യ മേഖലയില്‍ പോലും ചികിത്സയും വാക്‌സിനും സൗജന്യമാക്കിയിരിക്കുന്ന ഘട്ടത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. രാജ്യത്തില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ഇവിടെ മാത്രമാണുള്ളത് എന്ന വ്യാജ പ്രചരണം പോലും മുന്‍പ് നടന്നിരുന്നു.
കോവിഡ് ഒരു അടിയന്തര പൊതുജനാരോഗ്യ പ്രശ്‌നമാണ്. കോവിഡില്‍ നിന്നുണ്ടായ സാമ്ബത്തികമായ ദുരിതം ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സാഹചര്യത്തിലാണ് റോഡിലിറങ്ങുന്ന സാധാരണക്കാരോട് അമിതമായ പിഴ പിരിക്കുന്നത്. ‘വാക്‌സിന്‍ ചലഞ്ചി’ലൂടെ പണം സമാഹരിക്കുകയും ആ പണം വാക്‌സിനു വേണ്ടി ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നത്. ഇപ്പോള്‍ ചികിത്സയിലും പണം ഈടാക്കാന്‍ തീരുമാനിക്കുന്നു.
കരുതലും കൈത്താങ്ങും ദുരിതകാലത്ത് ഒരു ജനാധിപത്യ ക്ഷേമ രാഷ്ട്രത്തിലെ പൗരന്മാരുടെ അവകാശങ്ങളാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനാവട്ടെ അതെല്ലാം ബ്രാന്‍ഡ് ബില്‍ഡിങ്ങിന് ഉപയോഗിക്കാനുള്ള പ്രചാരണവാക്കുകള്‍ മാത്രമാണ്. ഇമേജ് മാനേജ്‌മെന്റിന് ചെലവാക്കുന്ന ഊര്‍ജ്ജം സാമ്ബത്തിക മാനേജ്‌മെന്റ്‌നും ആരോഗ്യ രംഗത്തെ ക്രൈസിസ് മാനേജ്‌മെന്റിനും ചെലവാക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്.
ദുരിതകാലത്ത് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നും അങ്ങോട്ട് പണം പിരിച്ചു ദ്രോഹിക്കുന്ന ഈ രീതിയെ ലോകമാതൃകയെന്ന് പറഞ്ഞു കൈയ്യടിക്കാന്‍ ജനങ്ങളോടാവശ്യപ്പെടരുത്. സര്‍ക്കാര്‍ വിലാസം പ്രചാരകാരെപ്പോലെ അവര്‍ പ്രജകളല്ല, പൗരന്മാരാണെന്ന ബോധ്യം സര്‍ക്കാരിനുണ്ടാവണം.