കോട്ടയം: കേരള ജനപക്ഷം യുഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു. നിലവിൽ യാതൊരു മുന്നണിയുടെയും ഭാഗമല്ലായിരുന്നു പി.സി. ജോർജ് നയിക്കുന്ന കേരള ജനപക്ഷം. യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കുമെന്ന് പി.സി. ജോർജ് തന്നെയാണ് വ്യക്തമാക്കിയത്. കേരള ജനപക്ഷം പ്രവർത്തകർ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും അഭിപ്രായം. ചിലർ എൽഡിഎഫിനൊപ്പം നിൽക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണിയുമായി ഒരു മേശയ്ക്കുചുറ്റും ഇരുന്ന് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ജോർജ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എല്ലാവരും പറഞ്ഞു തങ്ങൾ എൽഡിഎഫ് മുന്നണിയിലാണെന്ന്. എന്നാൽ അവസാന നിമിഷം എൽഡിഎഫിലും ഇല്ല യുഡിഎഫിലും എൻഡിഎയിലും ഇല്ല. ഇതോടെയാണ് താൻ സ്വതന്ത്രനായി മത്സരിച്ചത്. തനിക്കെതിരെ മത്സരിച്ച പലർക്കും ഇതോടെ കെട്ടിവച്ച കാശ് നഷ്ടമായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ഇതിനോടകം തിരുമാനിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതോടെ ചില സ്ഥാനാർഥികളെ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിക്കും. അതാണ് തന്റെ ആഗ്രഹം. എന്നാൽ പാലായും കാഞ്ഞരപ്പള്ളിയും തനിക്ക് വിജയിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി.സി. ജോർജ് വ്യക്തമാക്കി