കണ്ണൂർ : കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കൂടിയതായി കുട്ടികളുടെ ശ്വാസകോശരോഗവിദഗ്ധര്‍. ആശുപത്രികളിൽ ഒ.പി.യിലും കിടത്തിച്ചികിത്സയ്ക്കും എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന കാണുന്നു. സ്കൂളുകൾ വീണ്ടും തുറന്നതോടെ ഇടപെടലുകൾ കൂടിയ സാഹചര്യത്തില്‍ പലതരം വൈറസുകളുടെ ആക്രമണവും രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നതായി ശ്വാസകോശരോഗവിദഗ്ധര്‍.
കുട്ടികളിൽ കഫ് സിറപ്പുകൾ വിവേകത്തോടെ ഉപയോഗിക്കണമെന്ന് പ്രമുഖ ശിശുരോഗവിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും പീഡിയാട്രിക്സ് തലവനുമായിരുന്ന ഡോ. ടി.യു. സുകുമാരൻ. വിവിധ മരുന്നുസംയുക്തങ്ങളുടെ മിശ്രിതങ്ങളെ സൂക്ഷിക്കണം. ക്ളോർഫിനിറാമിൻ മെലേറ്റ്, ഡെക്സ്ട്രോമെത്തോർഫൻ, ഫിനൈൽഎഫ്രിൻ ഹൈഡ്രോക്ളോറൈഡ് തുടങ്ങിയ സംയുക്തങ്ങളുടെ മരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കണം.
ഡോക്ടർ നിർദേശിച്ച കൃത്യമായ അളവിൽ മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകാവൂ. ചുമമരുന്നുകൾകൊണ്ട് സ്വയംചികിത്സ പാടില്ല. ആറുമാസത്തിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് അലർജിക്ക് ആന്‍റി ഹിസ്റ്റമിൻ നൽകേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു.