പറവൂര്‍ : പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20) വടക്കേക്കര പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2019ല്‍ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് പെണ്‍കുട്ടിയെ വശീകരിച്ച് പ്രതിയുടെ സുഹൃത്തിന്റെ കരിമ്പാടത്തുള്ള വീട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യവും ലഹരിമരുന്നും നല്‍കി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്. പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, ഉദ്യോഗസ്ഥരായ സി.ആര്‍. ബിജു, സി.ടി. മേരിദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ സുഹൃത്തുകളെയും വീട്ടുടമയെയും കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.