പീരുമേട് : കാട്ടാന ശല്യം ഒഴിയാതെ പീരുമേട്. കഴിഞ്ഞ ദിവസം രാത്രി തോട്ടാപ്പുര ഭാഗത്ത് എത്തിയ കാട്ടാന കൂട്ടം വ്യാപക കൃഷി നാശം വരുത്തി. തോട്ടാപ്പുര ചെരിവ് പുരയിടത്തിൽ ഓമനയുടെ വീടിൻ്റെ പരിസരത്ത് എത്തിയ കാട്ടാനകൾ മണിക്കൂറുകളോളം അവിടെ നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പും നാട്ടുകാരും ചേർന്നാണ് ആനകളെ തുരത്തിയത്. നിരന്തരം ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനകളുടെ നിരന്തര ശല്യമാണ് മേഖലയിൽ. രാത്രിസമയങ്ങളിൽ വിഹരിക്കുന്ന കാട്ടാനകൂട്ടങ്ങൾ വീടുകളുടെ മുറ്റത്ത് വരെ എത്തി വ്യാപക കൃഷിനാശം വരുത്തുകയാണ്.
കാട്ടാനകൾക്ക് പുറമെ കരടി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, തുടങ്ങിയവയുടെ സാന്നിദ്ധ്യവും മേഖലയിൽ ഉണ്ട്. പീരുമേട് ടൗണിന് സമീപത്ത് ഭരണ സിരാകേന്ദ്രത്തിനും മറ്റ് സർക്കാർ വകുപ്പ് ഓഫീസുകൾക്കും അരികിൽ വരെയാണ് കാട്ടാനകൾ എത്തുന്നത്. നിലവിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ശാശ്വത നടപടി ഉണ്ടാകുന്നില്ല എന്ന പരാതി നാട്ടുകാർ ഉയർത്തുന്നുണ്ട്.