ദില്ലി : പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അറിയാൻ താൽപ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ.
നിയമവിരുദ്ധ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത. പൊതുമധ്യത്തിൽ സംവാദത്തിന് വെയ്‌ക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. വിദഗ്ധ സമിതി രൂപീകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ.
പെഗസിസ് ഉപയോഗിച്ചോ എന്ന് സത്യവാങ്‌മൂലത്തിൽ പറയാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പൊതുതാൽപര്യവും രാജ്യസുരക്ഷയും മുൻനിർത്തി അധിക സത്യവാങ്മൂലം നൽകാനാകില്ലെന്ന് കേന്ദ്രം.
എന്നാൽ പൗരന്മാരുടെ ഫോൺ ചോർത്തലിൽ മറുപടി നിർബന്ധമായും വേണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന കേന്ദ്ര നിലപ്പടിനെ സുപ്രീംകോടതി വിമർശിച്ചു. അധിക സത്യവാങ്മൂലം സമർപ്പിക്കാനാണ് കൂടുതൽ സമയം അനുവദിച്ചതെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് സുപ്രീംകോടതി. അധിക സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ കേന്ദ്രം എവിടെ നിൽക്കുന്നുവെന്ന് വ്യക്തമാകൂ. നിയമപരമായോ അല്ലാതെയോ ഫോൺ ചോർത്തൽ നടന്നോയെന്ന് സർക്കാർ വ്യക്തമാക്കണം. ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന ആരോപണം കേന്ദ്രം ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കോടതിക്ക് കൃത്യമായ വിവരങ്ങൾ വേണം. കേന്ദ്രം നൽകിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ല എന്നാണ് ഹർജിക്കാർ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാനാകില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.