അട്ടപ്പാടി : സംസ്ഥാനത്ത് മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് അട്ടപ്പാടി താവളം പാലത്തില്‍ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മഴ ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രാവിലെ 7.20ന് ആണ് ഷട്ടര്‍ തുറന്നത്. നേരത്തെ ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റിലൂടെ ജലം തുറന്നുവിട്ടിരുന്നു. നിലവില്‍ രണ്ട് സ്ലൂയിസ് ഗേറ്റ് വഴിയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ആരും പുഴയില്‍ ഇറങ്ങരുത്. പുഴയോര വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. പുഴയില്‍ മീന്‍ പിടിക്കുന്നതിനും വിലക്കുണ്ട്. 424 മീറ്റര്‍ ആണ് അണക്കെട്ടിന്റെ സംഭരണശേഷി. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 419 മീറ്റര്‍ ആണ്. നിരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്തി ജലംപുറത്തേക്ക് ഒഴുക്കുന്നത്.
ഇടുക്കി കല്ലാര്‍ക്കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകളും ഇന്ന് തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.