തിരുവല്ല : മണിമലയാറിന്റെ തീരത്ത് പുഴയോര വന സംരക്ഷണ പദ്ധതിയും പ്രകൃതി സൗഹൃദ കായിക പരിശീലന കേന്ദ്രവും ഒരുക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും. പുറമറ്റം പഞ്ചായത്തിലെ കോമളം പാലത്തോടു ചേര്‍ന്ന് പെനിയാത്ത് കടവിന് ഇരുവശവും മണിമലയാറിന് സമാന്തരവുമായി ഒന്നര കിലോമീറ്ററോളം ദൂരത്ത് വന സസ്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് പ്രകൃതി സൗഹൃദ കായിക പരിശീലനം ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താന്‍ ഉതകുന്ന വിധം ജൈവ വൈവിധ്യ ഉദ്യാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ‘എന്റെ മണിമലയാര്‍’ ജനകീയ സമിതി കോ-ഓര്‍ഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി.സുബിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ ഇടപെടലിലാണ് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കായിക പരിശീലനങ്ങള്‍ക്ക് ഉതകുന്ന പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സാധ്യത വിലയിരുത്തി. ആറ്റുവഞ്ചി, ഇഴിഞ്ഞില്‍, ഞാറ, പേഴ്, ഊഞ്ഞാല്‍വള്ളി, തുടങ്ങി കാവുകളുടേയും പുഴയോര വനങ്ങളിലേയും തനത് സസ്യങ്ങളുടെ അപൂര്‍വ ശേഷിപ്പ് ഇവിടെയുണ്ട്. ഇവയുടെ സംരക്ഷണം, ഇവിടെ ഇല്ലാത്തതും നദീ തീരത്ത് മുമ്പ് ഉണ്ടായിരുന്നതുമായ സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിച്ച് ജൈവ വൈവിധ്യ ഉദ്യാനം ആക്കുവാന്‍ ആവശ്യമായ നിര്‍ദേശം പ്രസിഡന്റ് നല്‍കി.
ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ അനീഷ് തോമസിന്റെ നിര്‍ദിഷ്ട പദ്ധതി പ്രദേശത്തിനു സമീപമുള്ള വീട്ടില്‍ താമസിച്ച് കായികപരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് ഇവിടെ യോഗ, ധ്യാനം, മെഡിറ്റേഷന്‍, നാച്യുറോപ്പതി തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കാന്‍ കഴിയും. ആദ്യ ഘട്ടമായി പുഴ കരകവിഞ്ഞ് തീരം ഇടിയുന്നത് പരിഹരിക്കുവാന്‍ വിവിധയിനം മുളകള്‍ നട്ടുപിടിപ്പിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഹരിത കേരളം മിഷന്‍, ദാരിദ്ര്യ ലഘൂകരണം, തദ്ദേശം, കൃഷി, മേജര്‍ ഇറിഗേഷന്‍, വിദ്യാഭ്യാസം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പ്രകൃതി വിഭവങ്ങളുടെ അപൂര്‍വ ശേഖരം കാണാന്‍ എത്തിയത്.
സന്ദര്‍ശനത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്തംഗം ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍, പുറമറ്റം ഗ്രാമപഞ്ചായത്തംഗം സജി ചാക്കോ, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടര്‍ എന്‍ ഹരി, കോയിപ്രം ബി ഡി ഒ വേണുഗോപാല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍ ജോര്‍ജ്, കായിക അധ്യാപകരായ അനീഷ് തോമസ്, ബിനോയി പണിക്കമുറി, പുറമറ്റം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി പി കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അമ്പിളി, മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുള്‍ സലാം, പുറമറ്റം കൃഷി ഓഫീസര്‍ ലതാമേരി എന്നിവരും കായിക താരങ്ങളും പങ്കെടുത്തു.