കണ്ണൂര്‍: ഏഴുവര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച്, സന്ധിവാതം പിടിപെട്ട് കിടപ്പിലായ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് മൂന്നു മാസത്തിനകം പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഗതാഗത സെക്രട്ടറിക്കും മാനേജിങ് ഡയറക്ടര്‍ക്കുമാണ് കമീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. ഏഴുവര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് ഇതുവരെ പെന്ഷന് അനുവദിക്കാത്തത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
കണ്ണൂര്‍ കോലഞ്ചേരി സ്വദേശി കെ. ബാലകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2013ലാണ് പരാതിക്കാരന് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് വിരമിച്ചത്. വിരമിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാണ് പരാതിക്കാരന് പെന്ഷന് അപേക്ഷ നല്‍കിയതെന്ന് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്കി.
മൂന്നുവര്‍ഷം കഴിഞ്ഞുള്ള അപേക്ഷയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, പരാതിക്കാരന് സര്‍വ്വീസില്‍നിന്ന് പിരിയുന്നതിന് മൂന്നുവര്‍ഷം മുമ്പ് സന്ധിവാതം പിടിപെട്ട് കിടപ്പിലായി. അക്കാരണത്താലാണ് അപേക്ഷ നല്കാന് വീഴ്ചയുണ്ടായതെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.