പത്തനംതിട്ട : റോബിന്‍ മോട്ടോഴ്‌സിനെ തളയ്ക്കാന്‍ വേണ്ടി കെഎസ്ആര്‍ടിസി ആരംഭിച്ച പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസിന് മികച്ച പ്രതികരണം. പുലര്‍ച്ചെ നാലരയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. സീറ്റുകള്‍ മുഴുവന്‍ ഒഴിഞ്ഞു കിടന്നിരുന്നു. എന്നാല്‍ അങ്കമാലി ആയപ്പോഴേക്കും ബസിന്റെ സീറ്റുകള്‍ ഏറെക്കുറെ പൂര്‍ണമായി. മുന്‍കുട്ടി പ്രഖ്യാപിക്കാതെയും ബുക്കിംഗ് സ്വീകരിക്കാതെയും തിടുക്കത്തിലുള്ള സര്‍വീസ് ആയതാണ് പത്തനംതിട്ടയില്‍ നിന്ന് ആളു കുറയാന്‍ കാരണമായത്. പമ്പ സര്‍വീസിന് വേണ്ടി കൊണ്ടു വന്ന കെയുആര്‍ടിസിയുടെ എസി ലോ ഫ്‌ളോര്‍ വോള്‍വോ ബസാണ് കോയമ്പത്തൂരിന് സര്‍വീസ് നടത്തുന്നത്.
വിവാദമായ റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിനാണ് പുറപ്പെടുന്നത്. അതിനും അരമണിക്കൂര്‍ മുമ്പാണ് കെഎസ്ആര്‍ടിസി പുറപ്പെടുക. ഈ ബസിന് പെര്‍മിറ്റില്ല എന്നൊരു വാദം സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തൃശൂര്‍-കോയമ്പത്തൂര്‍, എറണാകുളം-കോയമ്പത്തൂര്‍ എന്നിങ്ങനെയാണ് ബസിന്റെ പെര്‍മിറ്റെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ പെര്‍മിറ്റില്ലാതെയാണ് വോള്‍വോ സര്‍വീസ് നടത്തിയതെന്നും ഇതിനെതിരേ എന്തു കൊണ്ട് ആര്‍ടിഓ നടപടി സ്വീകരിച്ചില്ലെന്നുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രം ഇന്റര്‍സ്‌റ്റേറ്റ് പെര്‍മിറ്റ് മതിയെന്നാണ് കെഎസ്ആര്‍ടിസി ഇതിന് നല്‍കുന്ന വിശദീകരണം. റോബിന്‍ ബസുമായി ടിക്കറ്റ് നിരക്കില്‍ ഒമ്പതു രൂപയുടെ വ്യത്യാസം കെഎസ്ആര്‍ടിസിക്ക് ഉണ്ട്. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസിന് 650 രൂപയും കെഎസ്ആര്‍ടിസി വോള്‍വോയ്ക്ക് 659 രൂപയുമാണ് ഈടാക്കുന്നത്.