മാഡ്രിഡ് : വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയെറിഞ്ഞ് രോഷാകുലരായ ജനങ്ങൾ. നിങ്ങൾ കൊലപാതകികൾ എന്ന് ആക്രോശിച്ചാണ് ജനം ചെളിയെറിഞ്ഞത്. സ്പെയിനിൽ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 200ലധികം പേർ മരിച്ചിരുന്നു.
സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർക്ക് നേരെയാണ് ജനരോഷമിരമ്പിയത്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നും ദുരന്തമുണ്ടായപ്പോൾ അടിയന്തിര സേവനങ്ങൾ വൈകിയെന്നുമാണ് പരാതി.
ഒരു വർഷം പെയ്യേണ്ട മഴയാണ് സ്പെയിനിൽ ഒരൊറ്റ ദിവസം കൊണ്ട് പെയ്തത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ലഭ്യമായ വിവരങ്ങൾ വെച്ച് കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിച്ചെന്ന് വലെൻസിയ അധികൃതർ പറഞ്ഞു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പല വീടുകളിലും ഇപ്പോഴും വൈദ്യുതിയില്ല. ജനങ്ങളുടെ രോഷം മനസ്സിലാക്കുന്നുവെന്നും അതേറ്റു വാങ്ങുക എന്നത് തന്‍റെ രാഷ്ട്രീയപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്നും പ്രാദേശിക നേതാവ് കാർലോസ് മാസോണ്‍ പ്രതികരിച്ചു.