പന്തളം : മുട്ടാർ-മണികണ്ഠനാൽത്തറ ബൈപ്പാസ് റോഡിലൂടെ യാത്രചെയ്യാന്‍ സൂക്ഷിക്കണം. പന്തളത്തെ ഗതാഗതക്കുരുക്കിൽപ്പെടാതെ മുട്ടാർ കവലയിലെത്തിച്ചേരുന്ന റോഡിലേക്കിറങ്ങിയാൽ യാത്രക്കാർ പെട്ടുപോകും. കുഴിയിൽവീണ് നടുവൊടിയുമെന്ന് മാത്രമല്ല വാഹനം കരകയറ്റാൻ വർക്ക്‌ഷോപ്പിലേക്ക് പോകേണ്ടിവരും. എമിനൻസ് സ്‌കൂളിന് സമീപമെത്തിയാൽ ടാറിങ്ങിന് മുകളിൽ ചെയ്ത കോൺക്രീറ്റ് പാളിയായി അടർന്നുപോയതുകാണാം. ഗ്യാസ് ഏജൻസിക്ക് സമീപം ഒരടി താഴ്ചയിലാണ് ടാറിങ് ഇളകിപ്പോയിട്ടുള്ളത്. മഴപെയ്ത് വെള്ളം കൂടി നിറഞ്ഞാൽ അപകടം ഉറപ്പാണ്.
കോൺക്രീറ്റ്, ടാറിങ്, കൊരുപ്പുകട്ട ഇവ ഇടയ്ക്കിടയ്ക്ക് ചെയ്തിട്ടുള്ള റോഡാണ് ഇത്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതും എം.സി.റോഡിൽ തടസ്സമുണ്ടായാൽ ഗതാഗതം തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. നന്നാക്കിയാൽ മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർക്ക് പന്തളം കവല ചുറ്റാതെയും മാവേലിക്കര റോഡിൽനിന്ന് ചെങ്ങന്നൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കവലചുറ്റാതെ മണികണ്ഠനാൽത്തറ കവലയിലെത്തിയും യാത്ര തുടരാം. കവലയിലെ ഗതാഗതക്കുരുക്ക് മാറ്റാൻ പാടുപെടുന്നവർ പൊതുമരാമത്ത് വകുപ്പിന്റെ ഈ റോഡ് നന്നാക്കാൻ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.