വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിലെ കുടമുക്ക് നിവാസികളാണ് ഓണത്തിന് സ്വന്തമായി തയ്യാറാക്കുന്ന നാടകം അവതരിപ്പിക്കുന്നത്. പഞ്ചായത്തംഗമായ തോമസ് ജോസ് അയ്യനേത്താണ് ഇതിന് നേതൃത്വം നൽകുന്നത്. ഒപ്പം നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന കുമ്പളത്ത് പദ്മകുമാറും ചേർന്ന് നാടക ക്യാമ്പ് സജീവമാക്കുന്നു. പ്രദേശത്തെ കുടുംബശ്രീ, വായനശാല വേദികൾ, ക്ലബ്ബുകൾ തുടങ്ങിയ വിവിധ കൂട്ടായ്മകൾ ചേർന്ന് 101 പേരുടെ സമിതി രൂപവത്‌കരിച്ചു. കുടമുക്ക് സാംസ്‌കാരികവേദി എന്ന പേരിൽ ഈ സമിതി രണ്ടുദിവസത്തെ ഓണാഘോഷമാണ് നടത്തുന്നത്. ഇന്ന് രാത്രി ഒൻപതിനാണ് നാടകം. വള്ളിക്കോട് മായാലിൽ യുണൈറ്റഡ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് അരങ്ങിലെത്തിച്ച സ്മൃതിലയം എന്ന നാടകമാണ് പുതിയ രീതിയിൽ സ്മൃതിപഥങ്ങൾ എന്ന പേരിൽ അവതരിപ്പിക്കുന്നത്. നാട്ടുകാർതന്നെയാണ് നാടകത്തിലെ വേഷങ്ങളെല്ലാം ചെയ്യുന്നത്.
രണ്ടുമാസം നീണ്ട പരിശീലനം ഇതിനായി നടത്തി. കുടമുക്ക് ശ്രീനാരായണക്ഷേത്രത്തിന്റെ സ്റ്റേജിലാണ് രാത്രികാല നാടകക്യാമ്പ്. പകൽ ജോലിത്തിരക്കുകൾക്കുശേഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ ഇവിടെ പരിശീലനം നടത്തുന്നു. നാടകം അവതരിപ്പിക്കുന്നതും ഇതേ സ്റ്റേജിലാണ്. രണ്ടേകാൽ മണിക്കൂറുള്ള നാടകം അവതരിപ്പിക്കാൻ ഏകദേശം 750,00 രൂപയാണ് ഇവർക്ക് ചെലവുവന്നത്. ഒരു ബ്രാഹ്മണജന്മി കുടുംബത്തിലുണ്ടാകുന്ന പ്രതിസന്ധികളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. തോമസ് ജോസ് അയ്യനേത്ത്, സോമരാജൻ, പ്രശാന്ത് എസ്., ഉഷാകുമാരി, മഞ്ജു, അനൂപ് കുമാർ, അമ്പിളി, ശോഭനകുമാരി, ഷാജി പി.ജോൺ, എം. അർച്ചന എന്നിവരാണ് അഭിനേതാക്കൾ. സാങ്കേതിക സഹായം രാധാകൃഷ്ണൻ ആനന്ദപ്പള്ളി, ചമയം എം.ആർ.സി. നായർ വള്ളിക്കോട്, രംഗപടം സോമൻ മങ്ങാട്, പ്രകാശ സംവിധാനം മഹേഷ് വാഴമുട്ടം, സഹസംവിധാനം പ്രശാന്ത് കുമാർ, വിജയൻ മാമൂട്.