തൃശൂർ: ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലുള്ളത് മതിയായ പ്രവർത്തന പരിചയമില്ലാത്ത പെർഫ്യൂഷനിസ്റ്റ്. പിഴവുകൾ ആവർത്തിക്കപ്പെട്ടതോടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിർത്തിവെച്ചിട്ട് ഒരു മാസമായി. ഒരു മാസം എട്ട് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടന്നിരുന്ന തൃശൂർ മെഡിക്കൽ കോളജിലാണ് ഈ സ്ഥിതി. ഒരു മാസം കഴിഞ്ഞിട്ടും കാര്യക്ഷമതയുള്ള ജീവനക്കാരെ നിയമിക്കാനോ ശസ്ത്രക്രിയ പുനരാരംഭിക്കാനോ നടപടിയില്ല. ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) വഴി നിയമിച്ച പെർഫ്യൂഷനിസ്റ്റിന് കാര്യക്ഷമതയില്ലെന്നും ഇവരെ ഉപയോഗിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താനാകില്ലെന്നും വ്യക്തമാക്കി വകുപ്പ് മേധാവി രണ്ടിലധികം തവണ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു.
ഒരു വർഷം മുമ്പ് നിയമിച്ച പെർഫ്യൂഷനിസ്റ്റിന്റെ കാലാവധി ആറ് മാസം കഴിഞ്ഞതോടെ അവസാനിച്ചിരുന്നു. പുതുക്കി നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇവ പരിഗണിക്കാതെ രാഷ്ട്രീയ പരിഗണനകൾ വെച്ച് തുടരാൻ അനുവദിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്. 2025ൽ രണ്ട് തവണ പ്രിൻസിപ്പലിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായി പിഴവുകളുണ്ടായതോടെയാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർബന്ധിതമായതെന്ന് 2025 ജൂൺ ആദ്യം പ്രിൻസിപ്പലിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പ്രവൃത്തിപരിചയമുള്ള പെർഫ്യൂഷനിസ്റ്റിനെ നിയമിച്ചാൽ മാത്രമേ ശസ്ത്രക്രിയ പുനരാരംഭിക്കാൻ സാധിക്കൂവെന്ന് കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് വിഭാഗം വകുപ്പ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടക്കുമ്പോൾ രക്തം എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്ന ജോലിയാണ് പെർഫ്യൂഷനിസ്റ്റിന്റേത്. ജനുവരി മുതൽ മേയ് അവസാനം വരെ 32 ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളാണ് തൃശൂർ മെഡിക്കൽ കോളജിൽ നടന്നത്. ഓരോ മാസവും ശസ്ത്രക്രിയ ആവശ്യമുള്ള 60ലധികം രോഗികളാണ് എത്തുന്നത്. ഇവർക്കെല്ലാം മാസങ്ങൾ കഴിഞ്ഞുള്ള തീയതിയാണ് ലഭിച്ചിരുന്നത്. ഇതിനിടെയാണ് കാര്യക്ഷമതയില്ലാത്ത പെർഫ്യൂഷനിസ്റ്റ് മൂലം ഒരു മാസമായി ശസ്ത്രക്രിയ മുടങ്ങിയത്.