തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ കൃഷിഭവന്‍ സ്വന്തം കെട്ടിടം വിട്ടു വാടകക്കെട്ടിടത്തിലേക്കു മാറി. സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ 3 വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഒരു കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തിലേക്കു മാറിയിരിക്കുന്നത്.ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചിട്ട് 2 വര്‍ഷമായെങ്കിലും ഇതുവരെയും ഒരു നടപടിയും ആയിട്ടില്ല. 2018ല്‍ മഹാപ്രളയം കയറിയതോടെയാണു കെട്ടിടം ബലക്ഷയത്തിലായത്. ചാത്തങ്കരിയില്‍ ദേവസ്വം വക കെട്ടിടത്തിലായിരുന്നു കൃഷിഭവന്‍ ആദ്യകാലത്തു പ്രവര്‍ത്തിച്ചിരുന്നത്.
കൃഷി ഡമോണ്‍സ്ട്രേറ്റര്‍ക്കു താമസിക്കുന്നതിന് 1981 ല്‍ നിര്‍മിച്ച വീട്ടിലേക്ക് 2005 ല്‍ മാറ്റുകയായിരുന്നു. ഈ കെട്ടിടത്തില്‍ നിന്നാണ് ഇപ്പോള്‍ വാടകയ്ക്ക് മാറിയത്. പെരിങ്ങര സര്‍വീസ് സഹകരണബാങ്ക് സൗജന്യമായി വിട്ടുനല്‍കിയ 10 സെന്റ് സ്ഥലത്താണു കെട്ടിടം നിര്‍മിച്ചിരുന്നത്. ഇതിന്റെ മേല്‍ക്കൂര ചരിയുകയും കെട്ടിടം ഇരുത്തുകയും ഭിത്തികളും തറയും വീണ്ടുകീറുകയും ചെയ്തു പൂര്‍ണമായ ബലക്ഷയത്തിലായിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കണമെങ്കില്‍ പഴയ കെട്ടിടം പൊളിക്കണം. മണ്ണുപരിശോധന നടത്തണം. തുടങ്ങിയ കടമ്പകള്‍ കടക്കണം.
പാടശേഖരത്തോടു ചേര്‍ന്ന സ്ഥലമായതിനാല്‍ മണ്ണുപരിശോധന നടത്തിയാല്‍ മാത്രമേ എന്തുമാത്രം ഉറപ്പു ലഭിക്കുമെന്ന് അറിയാന്‍ സാധിക്കുകയുള്ളു.അതിനു ശേഷമേ കെട്ടിടം പണിയുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളു. ഉറപ്പു കുറവാണെങ്കില്‍ ഇപ്പോള്‍ അനുവദിച്ച പണം പോരാതെ വരും. സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലമായതിനാല്‍ രണ്ടു നിലകെട്ടിടമെങ്കിലും പണിതാല്‍ മാത്രമേ ഫയലുകളും മറ്റും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുകയുള്ളു.