തൃശ്ശൂര്‍: മധുവിധുകാലം കഴിയും മുമ്പേ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ് 14 ാം ദിവസമാണ് പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടില്‍ അരുണിന്റെ ഭാര്യ ശ്രുതി (26) യെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ആരും സംശയം പ്രകടിപ്പിക്കാതിരുന്നതിനാല്‍ ഹൃദയാഘാതമോ മറ്റോ സംഭവിച്ചതാകാം എന്ന് കരുതി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വാഭാവിക മരണമെന്ന നിലയില്‍ ശവസംസ്കാരം നടത്തി.
എന്നാല്‍ കഴിഞ്ഞ ദിവസം വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. അസ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
2020 ജനുവരി ആറിനു രാത്രി ഒന്‍പതരയോടെ പെരിങ്ങാട്ടുകരയിലുള്ള അരുണിന്റെ വീട്ടിലാണ് ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ മരിച്ച് മുപ്പത്തിയെട്ടാം ദിവസമായ ഫെബ്രുവരി 13നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയതെന്നും അതിലെ വിവരങ്ങള്‍ അറിയുന്നതു വരെയും മകളുടെ മരണത്തില്‍ സംശയം തോന്നിയിരുന്നില്ലെന്നും ശ്രുതിയുടെ പിതാവ് മുല്ലശേരി പറമ്പന്തളി സ്വദേശി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന് പറയുന്നു. മുഖത്തും തലയിലും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.
ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുപോലും സംശയിക്കാവുന്ന സൂചനകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അന്തിക്കാട് പപോലിസിനു നല്കിയ പരാതിയില്‍ പിതാവ് ആവശ്യപ്പെട്ടു.
ശ്രുതിയുടെ മരണം സംബന്ധിച്ച് ഭര്‍തൃവീട്ടുകാര്‍ ആദ്യം നല്കിയ മൊഴിയും ഇപ്പോള്‍ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് സ്ഥിരീകരിച്ച അന്തിക്കാട് പോലീസ് ഇത് സംബംന്ധിച്ച് പഴുതടച്ച അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.