ചെങ്ങന്നൂർ: പേരിശേരി റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം സ്ഥാപിച്ച വാണിംഗ് ക്രോസ് ബാർ (ഗർഡർ )
തകർന്നുവീണു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ചെങ്ങന്നൂർ ഭാഗത്തു നിന്നും മണ്ണുമായി പോയ ടോറസ് ലോറിയുടെ മുകൾ ഭാഗം തട്ടിയാണ് ക്രോസ് ബാറിന്റെ ഇടതു ഭാഗം തകർന്നത്. തുടർന്ന് ഇടതു വശത്തുകൂടി പോയ വലിയ വാഹനങ്ങളുടെ ക്യാരിയർ ഇതിൽ തട്ടി ബാക്കി ഭാഗങ്ങൾ കൂടി തകർന്ന് ക്രോസ് ബാർ താഴേക്ക് താഴ്ന്നു തുടങ്ങിയിരുന്നു. 9 മണിയോടെ ചെങ്ങന്നൂരിൽ നിന്നും മാവേലിക്കര ഭാഗത്തേക്ക് പോയ സ്വകാര്യ ബസുകൾ ഇതിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. പിന്നീട് ചെങ്ങന്നൂർ ട്രാഫിക് പോലീസ് എത്തി ഗതാഗതം ഒരു വശത്തുകൂടി പുന:സ്ഥാപിച്ചു. തുടർന്ന് 12 മണിയോടു കൂടി വീണ്ടും ഒരു ടോറസ് ലോറി ഇതുവഴി കടന്നു പോകുകയും
ക്രോസ് ബാർ പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നു പോയ ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരനും അത്ഭുതകരമായി രക്ഷപെട്ടു.
ഏകദേശം 2000 കിലോഗ്രാം വരുന്ന റെയിൽ പാളമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഒരാഴ്ച മുൻപാണ് വാണിംഗ് ക്രോസ് ബാർ (ഗർഡർ ) ഇവിടെ സ്ഥാചിച്ചത്. ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകാതിരിക്കാൻ റെയിൽവേ സ്ഥാപിച്ചതാണിത്. അപകടത്തെത്തുടർന്ന് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും
ജനപ്രതിനിധികളോ റെയിൽവേ ഉദ്യോഗസ്ഥരോ സ്ഥലത്ത് തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം ഉയരുന്നു. ഇതിനിടയിൽ നിരവധി ആംമ്പുലൻസുകളും വാഹനങ്ങളും ഇവിടെ കുടുങ്ങുകയുണ്ടായി. ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് എത്തിയാണ് ഇത് നീക്കം ചെയ്തത്. മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.