കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കോടതിവിധിയുടെ പകർപ്പ് പുറത്ത്. കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കുറ്റം തെളിയിക്കാൻ നിർണായകമായത് ശാസ്ത്രീയ തെളിവുകളാണ്. അതോടൊപ്പം തന്നെ മാധ്യമപ്രവർത്തകന്‍റെ മൊഴിയും ഏറെ നിര്‍ണായകമായി. മാധ്യമപ്രവർത്തകനായ മാധവൻ്റെ മൊഴിയാണ് നിർണായകമായത്. കോടതി വിധി പ്രസ്താവനയാരംഭിക്കുന്നത് ഇത് അക്രമ രാഷ്ട്രീയം മൂലം ജീവൻ നഷ്‌ടമായ രണ്ടു യുവാക്കളുടെ കേസാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഇതോടെ രണ്ടു കുടുംബങ്ങൾ തീരാദുഃഖത്തിലായെന്നും, മരിച്ച 2 പേരുടെയും ഡി എൻ എ സാമ്പിൾ കൊലയ്ക്ക് ഉപയോഗിച്ച വാളിൽ നിന്ന് കണ്ടെത്തിയെന്നും പറയുന്ന വിധിപ്പകർപ്പിൽ, 2, 3, 5 പ്രതികളുടെ രക്തം ആയുധത്തിൽ കണ്ടെത്തിയെന്നും, കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്നും വ്യക്തമാക്കുന്നു.
ഇരട്ട ജീവപര്യന്തം ലഭിച്ചിരിക്കുന്നത് കേസിലെ 1 മുതൽ 8 വരെയുള്ള പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ്. അഞ്ച് വർഷം തടവും 10000 രൂപ പിഴയും ലഭിച്ചിരിക്കുന്നത് മുൻ എം എൽ എ കെ വി കുഞ്ഞിരാമനടക്കമുള്ള 4 സി പി എം നേതാക്കൾക്കാണ്. ഈ തുക കൈമാറേണ്ടത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയുടേതാണ് വിധി.