ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിട്ടില്ല. ഇന്നലെ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. സാക്ഷികളില്‍ ചിലരുടെ മൊഴികള്‍ രേഖപ്പെടുത്തിയതായും സിബിഐ പറഞ്ഞു.