എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട്. വ്യവസായശാലകളില്‍ നിന്നടക്കം പുറന്തളളിയ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായി. ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും കൂടിയ അളവാണ് സംഭവത്തിൽ വില്ലനായത്. ജലത്തില്‍ ഓക്സിജന്റെ അളവ് കുറയാനുളള പ്രധാന കാരണവും രാസസാന്നിധ്യം തന്നെയെന്ന് റിപ്പോർട്ട്. ഓക്സിജന്‍ അളവ് കുറഞ്ഞത് മൂലം മത്സ്യങ്ങള്‍ക്ക് പുറമെ ഒട്ടേറെ ജലജീവികള്‍ക്ക് ജീവനാശം സംഭവിച്ചു. പാതാളം മുതല്‍ മുളവുകാട് വരെയുളള ജലത്തിലെ സാംപിളുകളിലും രാസസാന്നിധ്യം കണ്ടെത്തി.
ഇവ കൈവഴികളിലൂടെ വേമ്പനാട്ടുകായലിലടക്കം എത്തുന്നുണ്ട്. ഘനലോഹങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് വിഷരാസവസ്തുക്കളും ജലത്തില്‍ കണ്ടെത്തി. പെരിയാറിനെ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ശിപാര്‍ശകളും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ രാസസാന്നിധ്യം ഉണ്ടെന്ന കുഫോസ് റിപ്പോര്‍ട്ട് അവഗണിച്ച് പിസിബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുഫോസിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.