പത്തനംതിട്ട : ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര ഭക്ഷ്യ സംസ്കരണ പാർക്കിൽ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സംസ്ഥാന പാരിസ്ഥിതിക അനുമതി നല്കിയ സംസ്ഥാന സർക്കാരിന്റേയും സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയുടേയും നടപടി ഏനാദിമംഗലം പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഏറ്റവും അധികം ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കേണ്ട കിൽഫ്ര ഭക്ഷ്യ സംസ്കരണ പാർക്കിന് സമീപം തന്നെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നന്നതിന് അനുമതി നല്കിയത് സംസ്ഥാന സർക്കാരിലെ ഉന്നതരുടെ അറിവോടെയുള്ള വലിയ സമ്മർദ്ദം മൂലമാണെന്നും മാലിന്യ പ്ലാന്റിനെതിരായി എല്ലാ ജനങ്ങളേയും അണിനിരത്തി ജനകീയ സമിതി മാസങ്ങളായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിച്ചുള്ള ജനവിരുദ്ധ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഇതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അനുമതി തീരുമാനത്തിന് പിന്നിൽ സംസ്ഥാന ധന, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ കൈൾ ഉണ്ടെന്ന് പ്രദേശ വാസികളും പൊതു സമൂഹവും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനപ്രതിനിധികളാണെങ്കിൽ ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും മാലിന്യ സംസ്കരണ പ്ലാന്റിനുള്ള പാരിസ്ഥിക അനുമതി പിൻവലിക്കുവാൻ ഇടപെടണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തീരുമാനവുമായി മുന്നോട്ടു പോയാൽ പ്ലാന്റ് നിർമ്മാണം തടയുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നല്കുകയും ജനകീയ സമിതി നടത്തുന്ന നിയമപരവും അല്ലാത്തതുമായ പോരാട്ടങ്ങൾക്ക് ശക്തമായ പിൻതുണ നല്കുകയും ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.