കൊല്ലം : ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ദീര്‍ഘ ദൂര തീവണ്ടികളില്‍ കേരളത്തിനകത്ത് യാത്ര ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. കേരളത്തിലേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്‌പ്രസുകളിലാണ് കേരളത്തിനകത്തെ യാത്രയ്ക്ക് റിസവര്‍വേഷന്‍ ടിക്കറ്റ് നല്‍കുക. അതായത് നേത്രാവതി എക്സ്‌പ്രസില്‍ മഹാരാഷ്ട്രയില്‍ നിന്നു വരുന്ന ഒരു യാത്രക്കാരന്‍ എറണാകുളത്ത് ഇറങ്ങിയാല്‍ ഇനി ആ ബര്‍ത്തില്‍ എറണാകുളത്ത് നിന്നും ഒരാള്‍ക്ക് തിരുവനന്തപുരത്തേക്കോ മറ്റോ റിസര്‍വ് ചെയ്യാം.
ഇത്തരത്തില്‍ റീ ബുക്കിങ്ങ് നടത്താനുള്ള സൗകര്യം റെയില്‍വേ നേരത്തേ നല്‍കിയിരുന്നതാണ്. എന്നാല്‍ കൊവിഡ് വ്യാപനസാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത് അനുവദിക്കാനാവില്ലെന്ന് റെയില്‍വേയോട് നിര്‍ദേശിച്ചു. ഇതുപ്രകാരം റിസര്‍വേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ഇതുസംബന്ധിച്ച് പുനഃപരിശോധന നടത്തിയശേഷം ദീര്‍ഘദൂര തീവണ്ടികളില്‍ കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജരെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തീവണ്ടികളില്‍ യാത്രയ്ക്കിടെ അണുനശീകരണം നടത്താനുള്ള സംവിധാനങ്ങളൊന്നുമില്ല. അതിനാല്‍ യാത്രക്കാരുണ്ടായിരുന്ന ബര്‍ത്തുകള്‍ അണുനശീകരണം നടത്താതെ വീണ്ടും ഉപയോഗിക്കേണ്ടിവരും. കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതിയുള്ള ആദ്യത്തെ നേത്രാവതി എക്സ്‌പ്രസ് വ്യാഴാഴ്ച രാവിലെയും മംഗള എക്സ്‌പ്രസ് ആറിന് രാവിലെയും കേരളത്തില്‍ പ്രവേശിക്കും. നിലവില്‍ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ്സുകള്‍ കണ്ണൂരിലേക്ക് നീട്ടുന്നതിനും തടസ്സമില്ലെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കത്തു നല്‍കി. ഇതോടെ ജനശതാബ്ദി എക്സ്‌പ്രസ് ബുധനാഴ്ചതന്നെ കണ്ണൂരിലേക്ക് നീട്ടി.