പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേയുണ്ടായ പീഡനക്കേസിൽ അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പേരിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അധ്യക്ഷൻ എൻ. രാജീവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണ് ബാലനീതി ചട്ടങ്ങൾ പ്രകാരം നടപടിയെടുത്തത്. പത്തനതംതിട്ടയിൽ സമീപകാലത്തുണ്ടായ രണ്ട് പോക്സോ കേസുകളിലും ശിശുക്ഷേമസമിതിയുടെ ഇടപെടൽ ആക്ഷേപ വിധേയമായിരുന്നു. ഇതേത്തുടർന്നാണ് നടപടി. സിപിഎം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗമാണ് അഭിഭാഷകൻ കൂടിയായ എൻ. രാജീവ്.
പരാതി ലഭിച്ചതിനേതുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ സർക്കാരിലേക്കു റിപ്പോർട്ട് നൽകിയിരുന്നു. വിശദ അന്വേഷണം നടത്താൻ ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കളക്ടറുടെ റിപ്പോർട്ടിലും എൻ. രാജീവിനെതിരായ ആക്ഷേപം സ്ഥിരീകരിക്കുന്നതായി സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവം അതീവ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് സർക്കാർ നടപടിയെന്നും പറയുന്നു. അതിക്രമം നേരിട്ട മറ്റൊരു പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ നടന്ന അന്വേഷണത്തിലും രാജീവിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.