ദില്ലി: വിവാദങ്ങള്‍ക്കിടെ പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനിടെ നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നരേന്ദ്രമോദിയുടെ പൊങ്ങച്ചത്തിന്റെ പ്രൊജക്ടാക്കി മന്ദിരത്തെ മാറ്റുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. മോദിയുടെ മന്ദിര സന്ദര്‍ശന ചിത്രടൊപ്പമാണ് ജയറാം രമേശിന്റെ ട്വീറ്റ്. പാര്‍ലമെന്റ് മന്ദിരം കല്ലും സിമന്റും കൊണ്ടുള്ള വെറും കെട്ടിടമല്ലെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും വിമര്‍ശിച്ചു.
രണ്ടര വര്‍ഷം കൊണ്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാകിയത്. 970 കോടി ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്. ത്രികോണാകൃതിയിലാണ് മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്. മൂന്ന് കവാടങ്ങളാണുള്ളത്. ഗ്യാന്‍, ശക്തി, കര്‍മ എന്നിങ്ങനെയാണ് കവാടങ്ങള്‍ക്ക് പേര്. കെട്ടിടത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസുണ്ട്.