കോന്നി : കോവിഡ് മഹാമാരി തീര്‍ത്ത തൊഴിൽ ഇല്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും മുതലാക്കി തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിതമായ നടപടി ക്രമങ്ങളിലൂടെ പേഴ്സണല്‍ ലോണ്‍ നല്‍കുന്ന സംഘങ്ങളാണ് ഇന്റര്‍ നെറ്റില്‍ സജീവമായിട്ടുള്ളത്. ഇവരുടെ തട്ടിപ്പില്‍ പലരും കുടുങ്ങിക്കഴിഞ്ഞു. നാണക്കേട് ഓര്‍ത്ത് പലരും ഇക്കാര്യം പുറത്തു പറയുന്നില്ല. എന്നാല്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് ഈ വന്‍ തട്ടിപ്പ് പുറത്തായത്. കോന്നിയില്‍ നിരവധിപേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
സ്‌നാപ്ഇറ്റ്, കാഷ്ബീ, റുപീ ബസാര്‍, റുപീ ഫാക്ടറി, മണി ബോക്‌സ്, ഗോ കാഷ്, ഗോള്‍ഡ് ബൌള്‍, നീഡ് റുപീ, ഗെറ്റ് റുപീ എന്നിവയാണ് പ്രധാന ചതിക്കുഴികള്‍. ഇത്തരം ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങള്‍ക്ക് ഒരു അംഗീകാരവും ഇല്ല. റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം നടത്താന്‍ അനുവാദമുള്ളു. എന്നാല്‍ ഓണ്‍ ലൈനില്‍ തട്ടിപ്പ് സംഘങ്ങള്‍ യഥേഷ്ടം വിലസുകയാണ്. ഇവരുടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ മുഴുവന്‍ വിവരങ്ങളും ഇവര്‍ ചോര്‍ത്തും. വായ്പ്പയുടെ തിരിച്ചടവ് ഒരുനിമിഷം വൈകിയാല്‍ വായ്പ്പ എടുത്തയാളുടെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന കോണ്ടാക്ട് ലിസ്റ്റിലെ മിക്കവര്‍ക്കും മെസ്സേജ് ചെല്ലും. നിങ്ങളുടെ ജാമ്യത്തില്‍ ഇയാള്‍ ലോണ്‍ എടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ തിരിച്ചടവ് മുടക്കമാണെന്നും നിങ്ങളും ഇതില്‍ ഉത്തരവാദിയാണെന്നുമായിരിക്കും മെസ്സേജ്. മെസ്സേജ് അയച്ച ഫോണ്‍ നമ്പറിലേക്ക് തിരികെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കില്ല. ഈ തട്ടിപ്പ് തുടങ്ങിയിട്ട് 6 മാസത്തിലധികം ആയെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ജില്ലാ പോലീസ് മേധാവിയുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്.
കുറഞ്ഞ കാലാവധിയില്‍ അനുവദിക്കുന്ന ഇത്തരം വായ്പകളില്‍ തിരിച്ചടവ് വീഴ്ച വന്നാല്‍ വന്‍ തുക പലിശയായി ഈടാക്കും. ദിസങ്ങള്‍ക്കുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകുകയും ചെയ്യും. തട്ടിപ്പിന് ഇരയായ കോന്നി ഐരവണ്‍ നിവാസിയായ വീട്ടമ്മയ്ക്കും വി കോട്ടയം നിവാസിക്കും നിരന്തര ഭീഷണിയാണ് ഇപ്പോള്‍. ഹിന്ദിയിലാണ് ഭീഷണി കോളുകള്‍ വരുന്നത്.