ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ ചെരിപ്പുകടയിൽ രണ്ട് ദിവസം മുമ്പ് നടന്ന ഒരു മോഷണം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഹുവാങ്കയോ നഗരത്തിലെ ഒരു ചെരിപ്പുകടയിലാണ് വൻ മോഷണം നടന്നത്. വിലയേറിയ 200 ഷൂസുകളാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. എല്ലാംകൂടി 10.6 ലക്ഷത്തോളം വിലവരും. എന്നാൽ, മോഷ്ടാക്കൾക്ക് സംഭവിച്ച അബദ്ധം അറിഞ്ഞാൽ ആരും അമ്പരക്കും. കൊണ്ടുപോയതെല്ലാം വലതുകാലിലെ ഷൂസുകളായിരുന്നു. മൂന്നുപേരടങ്ങിയ സംഘമാണ് രാത്രിയിൽ കടയുടെ പൂട്ടു തകർത്ത് മോഷണം നടത്തിയത്.
ട്രൈസൈക്കിളിൽ ഷൂസുകളൊന്നാകെ വാരിയിടുന്നതും രക്ഷപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങളുണ്ട്. ‘ഏറ്റവും മണ്ടന്മാരായ കള്ളന്മാർ’ എന്നാണ് സമൂഹമാധ്യമങ്ങളിൽ മോഷ്ടാക്കളെ പരിഹസിക്കുന്നത്. വലതുകാലിലെ മാത്രം ഷൂസുകൾ മോഷ്ടിച്ച സംഭവത്തിൽ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പരിചയം കുറഞ്ഞ കള്ളന്മാരാവുമെന്നും, റാക്കിൽ അടുക്കിവെച്ച ഷൂസുകളെല്ലാം ഒരു കാലിലേതായിരിക്കും അതാവാം ഇവർ കൊണ്ടുപോയതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Thieves in Peru steal 200 sneakers… but all for the right foot 🤦♂️😂 pic.twitter.com/NsEzLLQ5xb
— Daily Loud (@DailyLoud) May 4, 2023