പെരുമ്പാവൂര്‍: ബാങ്കിന്റെ പ്രവേശന കവാടത്തിലുള്ള ചില്ലുവാതില്‍ തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ദിനംപ്രതി നിരവധിപ്പേര്‍ എത്തുന്ന ബാങ്കിലെ വാതിലിന് തട്ടിയാല്‍ പൊട്ടുന്ന തരത്തിലുള്ള ഗ്ലാസ് ഉപയോഗിച്ചത് നിരുത്തരവാദപരമാണെന്നാണ് ആരോപണം. ബാങ്കില്‍ നിന്ന് ധൃതിയില്‍ പുറത്തിറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ തട്ടി ശരീരത്തിലേക്ക് ചില്ല് തുളച്ചുകയറിയാണ് ഇന്ന് യുവതി മരിച്ചത്. ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ബാങ്കിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ബീന, മറന്നുവെച്ച താക്കോല്‍ എടുക്കുന്നതിനായി തിരികെയെത്തി. താക്കോല്‍ എടുത്ത് മടങ്ങുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചില്ലുവാതില്‍ തകര്‍ന്ന് ചില്ല് വയറ്റില്‍ തുളച്ചുകയറിയാണ് അപകടം. സംഭവം നടന്നയുടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.