കൊച്ചി : എന്‍ഐഎ പിടികൂടിയ അല്‍ ഖ്വയ്ദ ഭീകരര്‍ കഴിഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന. പിടിയിലായ മൂന്ന് പേര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി എറണാകുളത്തുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ തീരുമാനം.
പെരുമ്പാവൂരിലും പാതാളത്തും പുലര്‍ച്ചെ വീട് വളഞ്ഞാണ് എന്‍ഐഎ സംഘം അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ മര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേര്‍ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ എറണാകുളത്ത് റെയ്ഡ് നടത്തിയത്.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളത്ത് രണ്ടിടത്ത് റെയ്ഡ്. പിടിയിലായവരെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്.
പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്.