തിരുവനന്തപുരം : സിപിഐ നേതാവും ചലച്ചിത്ര ഗാന രചയിതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ (89) നിര്യാതനായി. ഇപ്റ്റ മുന്‍ ദേശീയ വൈസ് പ്രസിഡന്റാണ്.സംസ്ക്കാരം തൈക്കാട് ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 2ന്.
കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍ ജനിച്ച അദ്ദേഹം പെരുമ്പുഴയിലും, കൊല്ലം ശ്രീനാരായണ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. എം.എ. ബിരുദധാരിയാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിട്ടാണ് പൊതുജീവിതം തുടങ്ങിയത്.
സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്തു. കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജന. സെക്രട്ടറിയും കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്ക്കഫ്’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറുസിനിമകളില്‍ പാട്ടെഴുതി. അബുദാബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്.