റാന്നി : പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പെരുനാട് പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. സാനു മാമ്പാറ അധ്യക്ഷത വഹിച്ചു. പ്രശസ്ത അഭിഭാഷകയായ മഞ്ജു കെ നായരുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചത്. ചികിത്സാ ആവശ്യത്തിനും വിവാഹ ആവശ്യത്തിനുമായി വർഷങ്ങളായി നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടിട്ടും കിട്ടുന്നില്ല. ഈ വിവരങ്ങള്‍ കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ 18 പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
ബാക്കിയുള്ള നിക്ഷേപകർക്ക് ഹൈക്കോടതിയിൽ കേസുമായിട്ട് പോകാനുള്ള നിയമപദേശം നൽകാനും പണം തിരികെ ലഭിക്കാൻ ആയിട്ടുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമര പരിപാടികൾ ആസൂത്രണം ചെയ്തത്. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി അരുണ്‍ അനിരുദ്ധന്‍ (രക്ഷാധികാരി), ടി.കെ ശാന്തമ്മ (ചെയർമാന്‍),സാനു മാമ്പാറ (വർക്കിംഗ് ചെയർമാന്‍), കെ.എസ് ബിജു (ജനറല്‍ കണ്‍വീനര്‍), സത്യാനന്ദന്‍ (കൺവീനര്‍),ധന്യ(സെക്രട്ടറി), അബ്ദുല്‍ ഖാദര്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.