റാന്നി : സി.പി.എം ഓഫീസ് ബി.ജെ.പി ഏറ്റെടുത്തതായി സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജമെന്ന് സി.പി.എം പെരുനാട് ലോക്കല്‍ സെക്രട്ടറി.
പെരുനാട്ടിലെ കക്കാട് വാര്‍ഡിലെ അംഗം അരുണ്‍ അനിരുദ്ധനെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രകടനത്തിന് ശേഷമാണ് ഇത്തരം പോസ്റ്റ് വരുന്നത്. അരുണ്‍ അനിരുദ്ധന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിച്ചു വന്നത്. കടയുടമ പ്രസന്നന്‍ മരിച്ചു പോയതാണ്. ഇപ്പോള്‍ ഗള്‍ഫിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഈ കെട്ടിടത്തിന്റെ ഉടമസ്ത. ഇവര്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരെ വിളിക്കുകയും സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തില്‍ കടമുറി ഒഴിയണമെന്നും ഇല്ലെങ്കില്‍ ബന്ധുക്കള്‍ തമ്മില്‍ ശത്രുതയിലാവുമെന്നും അറിയിച്ചു. ഇതോടെ സി.പി.എം ഓഫീസ് ഒഴിഞ്ഞു കൊടുത്തു.
തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരും വാര്‍ഡംഗവും കടയുടമയുടെ ബന്ധുവുമായ അരുണ്‍ അനിരുദ്ധന്റെ നേതൃത്വത്തില്‍ സി.പി.എം ഓഫീസിനു മുമ്പില്‍ യോഗം നടത്തുകയും കെട്ടിടം ബി.ജെ.പി ഓഫീസായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ സംഭവമാണ് ചിലര്‍ സി.പി.എം പ്രവര്‍ത്തകര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നെന്നും ഓഫീസ് പിടിച്ചെടുത്തെന്നും കാട്ടി പ്രചരിപ്പിക്കുന്നതെന്ന് പ്രസ്ഥാവനയില്‍ പറയുന്നു. വ്യാജ പ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ.തോമസ് അറിയിച്ചു.