റാന്നി : പെരുനാട് പഞ്ചായത്തിലെ മാടമൺ, നെടുമൺ പ്രദേശങ്ങളിൽ പാറമടകൾ ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മൂന്ന് വർഷം മുമ്പ് തന്നെ നെടുമണ്ണിൽ മടക്കായി പാറമട ലോബി സ്ഥലം വാങ്ങി. പെരുനാട് പഞ്ചായത്തിലെ മാടമണ്ണിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്ന ക്രഷർ യുണിറ്റ് മറ്റൊരു ഉടമസ്ഥതയിൽ വീണ്ടും പ്രവർത്തനം തുടങ്ങുവാനാണ് നീക്കം.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇത് പ്രവർത്തനം നിർത്തിയിരുന്നത്. പഞ്ചായത്ത് ഭരണ സമിതിയിലെ ചിലർക്കും ഉദ്യോഗസ്ഥർക്കും വൻ തുക വാഗ്ദാനം ചെയ്താണ് പാറമട ലോബി ഇതിനുള്ള നീക്കം നടത്തുന്നത് എന്ന ആരോപണമാണ് ഉയരുന്നത്. ജനവാസ കേന്ദ്രങ്ങളിൽ പാറമട തുടങ്ങി ജനങ്ങളെ കുരുതികൊടുക്കുവാനുള്ള നീക്കം ഏതുവിധേനയും തടയുമെന്ന തീരുമാനത്തിലാണ് ജനങ്ങള്‍.
എന്നാൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പാറമട വിഷയത്തിൽ മൗനം പാലിക്കുന്നു എന്ന ആരോപണവും ശക്തമാണ്. സി പി എം യുവജന സംഘടനയുടെ പ്രാദേശിക യുണിറ്റും യുത്ത് കോൺഗ്രസും നവമാധ്യമങ്ങളിലൂടെ പ്രതി ഷേധിക്കുന്നുണ്ടങ്കിലും പാർട്ടികൾ അവരുടെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ബി ജെ പി പെരുനാട് കമ്മിറ്റി പാറമടക്കെതിരെ സമരം പ്രഖ്യാപിച്ചിട്ടുള്ളതായി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. പഞ്ചായത്ത് ഭരണ സമിതിയിലെ പ്രധാന കക്ഷിയായ സി പി ഐയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അടുത്ത സമയം വിരമിച്ച പഞ്ചായത്ത് സെക്രട്ടറി അനുമതി ഒപ്പിട്ട് നൽകിയതായാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. ഇതിനായി വിവരാവകാശം നൽകിയിട്ടും മറുപടി വൈകിപ്പിക്കുന്നതായും ഇവർ പറയുന്നു. പാറമടയുടെ വരവോടെ കക്കാട്ടാറും പമ്പയാറും മലിനമാവുകയും ജനജീവിതം ദുസഹമാവുകയും ചെയ്യും. ഒരു കാരണവശാലും പാറമട പ്രവർത്തിക്കുവാർ അനുവദിക്കില്ലന്ന നിലപാടിലാണ് പ്രദേശവാസികൾ. പഞ്ചായത്ത് ഭരിക്കുന്ന സി പി എം പറയുന്നത് പാറമട തുടങ്ങുന്ന വാർത്ത തെറ്റാണന്നാണ്. അങ്ങനെയെങ്കില്‍ പാറമട സംബന്ധിച്ച വിവരാവകാശ അപേക്ഷയിന്മേല്‍ എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്നും പരിസ്ഥിതി പ്രവർത്തകർ ചോദിക്കുന്നു.
വിവരാവകാശ അപേക്ഷ ബോധപൂര്‍വ്വം മുക്കിവെച്ച് കോടികളുടെ അഴിമതിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൂട്ടുനില്‍ക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നാട്ടുകാര്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.