പത്തനംതിട്ട : ഖാപ്പ് പഞ്ചായത്ത് മോഡൽ പെരുനാട്ടിലും, സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഭരണകക്ഷിയുടെ പാർട്ടി പ്രവർത്തകർക്കുമാത്രമെന്ന വിമർശനം ഉയരുന്നതിനിടയിലാണ് പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വീടൊന്നുക്ക് ആയിരം രൂപ വെച്ച് പെരുനാട് പഞ്ചായത്തിൽ അടയ്ക്കണമെന്ന പ്രസിഡന്റിന്റെ നിർദ്ദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. പെരുനാട് ഗ്രാമപഞ്ചായത്ത് നാട്ടുരാജ്യമാക്കുകയാണ് പ്രസിഡന്റ് എന്നാണ് ആരോപണം.
ധന സമാഹരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ സാലറി ചലഞ്ചു മോഡലിൽ കുടുംബശ്രീ തൊഴിലുറപ്പ് യൂണിറ്റുകളിൽ നിന്നും വീടൊന്നിന് ആയിരം രൂപവീതം പിടിച്ചെടുക്കുവാൻ പ്രസിഡണ്ട് പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും നിർദേശം കൊടുത്തതായാണ് അറിയുന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടി ജില്ലാ കമ്മറ്റി അംഗം കൂടിയായ പി.എസ് മോഹനൻ ആണ് പ്രസിഡണ്ട്. ഇദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾ ഉട്ടോപ്യൻ ആണെന്നാരോപിച്ചു പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ഉൾപ്പെടയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതു മുതൽ പ്രസിഡണ്ട് പെരുനാട് പഞ്ചായത്തിലെ നാട്ടുരാജാവാണെന്ന് കരുതുന്നതായാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന ആരോപണം.
കോവിഡ് മഹാമാരിയെത്തുടർന്ന് ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ ഇത്തരത്തിൽ ഫണ്ട് പിരിക്കാനുള്ള നീക്കം ലജ്ജാകരമാണ്. ഇത്തരത്തിൽ പഞ്ചായത്ത് രാജ് ആക്ടിൽ നിർദ്ദേശിച്ചിരിക്കുന്ന നികുതികളും ഫീസുമല്ലാതെ യാതൊരു തരത്തിലുമുള്ള ധനസമാഹരണവും നടത്താൻ പഞ്ചായത്ത് ഭരണസമിതിക്ക് അർഹതയില്ലെന്ന് നിയമവിദഗ്ധരും പറയുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാശ് ചിലവായെന്ന പേരിലാണ് പിരിവ് . ഒരു കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യം . എന്നാൽ പി.എസ് മോഹനൻ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മറ്റൊരു സ്ഥാപനമായ പെരുനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടുകളും പ്രതിസന്ധികളും പരിഹരിക്കാനാണ് ഇപ്പോഴത്തെ പിരിവെന്നാണ് ജനസംസാരം.