പത്തനംതിട്ട : വീട്ടിൽ കയറി മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചിട്ട് കൊടുക്കാത്തതിന് കമ്പും കല്ലും കൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതിയെ പെരുനാട് പോലീസ് പിടികൂടി. മണക്കയം ഈട്ടിമൂട്ടിൽ വീട്ടിൽ അനിയൻ കുഞ്ഞി(49 )നാണ് മർദ്ദനമേറ്റത്. അയൽവാസി മണക്കയം തടത്തിൽ പുത്തൻവീട്ടിൽ പ്രശാന്ത് കുമാർ (36) ആണ് അറസ്റ്റിലായത്. ഈ മാസം 6 ന് ഉച്ചയ്ക്ക് രണ്ടിന് അനിയൻ കുഞ്ഞും മറ്റും കുടുംബമായി താമസിക്കുന്ന ഈട്ടി ചുവട്ടിൽ വീട്ടിൽ ഒരു കുപ്പി മദ്യവുമായി കയറിച്ചെന്ന ഇയാൾ, മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്താൽ ചീത്ത വിളിക്കുകയും അവിടിരുന്ന് തന്നെ മദ്യപിക്കും എന്ന് വെല്ലുവിളിക്കുകയും ചെയ്തു. പോകാൻ കൂട്ടാക്കാതെ നിന്ന ഇയാളോട് ഇറങ്ങിപ്പോകാൻ അനിയൻകുഞ്ഞ് ആവശ്യപ്പെട്ടു.
പ്രകോപിതനായ പ്രതി അവിടെക്കിടന്ന ഒരു കമ്പുകൊണ്ട് അനിയൻ കുഞ്ഞിനെ അടിച്ചു. ഇടതു കൈവിരലുകളിലാണ് അടികൊണ്ടത്. കലശലായ വേദനയാൽ പിന്തിരിഞ്ഞ് വീട്ടിലേക്ക് കയറി പോയപ്പോൾ കല്ലെടുത്ത് എറിഞ്ഞത് മുതുകിൽ കൊണ്ടു. ബഹളം കേട്ടെത്തിയ ആളുകൾ ഇയാളെ അവിടെനിന്നും പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അനിയൻകുഞ്ഞ് അവിവാഹിതനാണ്. ചേട്ടൻ ജോയ് വർഗീസിന്റെയും കുടുംബത്തിന്റെയും ഒപ്പം ഈ വീട്ടിലാണ് താമസം. വീട്ടിൽ അപ്പോൾ ഇല്ലാതിരുന്ന ജോയ് വർഗീസിനെ ഫോണിൽ വിവരം അറിയിച്ചു. ജോയ് എത്തി ഓട്ടോയിൽ കയറ്റി ചിറ്റാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇടതുകൈ മോതിരവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ചികിത്സ ലഭ്യമാമാക്കുകയും വിശ്രമത്തിനായി വീട്ടിൽ പോകുകയും ചെയ്തു.
യുവാവിന്റെ ബന്ധുക്കളും മറ്റും ഇടപെട്ട് ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല എന്ന് വാക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ അനിയൻകുഞ്ഞിന്റെ കുടുംബം ആദ്യം പോലീസിൽ പരാതി നൽകിയില്ല. വീണ്ടും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. തുടർന്ന് സിപിഒ അഖിൽ മൊഴി രേഖപ്പെടുത്തി. എസ് ഐ എ ആർ രവീന്ദ്രൻ കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചു. പ്രശാന്തിനെ ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനക്കുശേഷം കസ്റ്റഡിയിൽ സൂക്ഷിക്കുകയും പിന്നീട് സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ 13 ന് രാവിലെ 9.30 ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.