കോന്നി : ഗുരു നിത്യ ചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പേരൂർകുളം ഗവണ്മെന്റ് എൽ പി സ്‌കൂളിലെ ജീർണ്ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കുവാൻ കരാർ എടുത്ത് മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ച് നീക്കിയില്ല. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടമാണ് ജീര്‍ണ്ണാവസ്ഥയിലായി വര്‍ഷങ്ങളായി നിലകൊള്ളുന്നത്. ഓഗസ്റ്റ് പതിനാറിനാണ് കെട്ടിടം പൊളിക്കാനുള്ള ലേല നടപടികൾ പൂർത്തിയായത്. പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം കെട്ടിടത്തിന് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീർണ്ണാവസ്ഥയിൽ ആയ ഈ കെട്ടിടം പൊളിച്ച് മാറ്റാത്തതിനാലും ബദൽ മാർഗങ്ങൾ ഒരുക്കാത്തതിനാലും വലിയ ബുദ്ധിമുട്ടിലാണ് ഇവിടുത്തെ വിദ്യാർത്ഥികളും കുട്ടികളും.
സ്‌കൂളിന്റെ സമീപത്ത് പ്രവർത്തിക്കുന്ന കോന്നി ബി ആർ സിയുടെ കെട്ടിടത്തിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂൾ പ്രവർത്തനത്തിനായി ബി ആർ സി കെട്ടിടം ഏറ്റെടുത്തത്തോടെ ബി ആർ സി യുടെ പ്രവത്തനവും അവതാളത്തിലായി. സ്‌കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ്‌കൂൾ കെട്ടിടത്തിന് താത്കാലിക സംവിധാനം എന്ന നിലയിൽ ഒരു നിലകൂടി പണിതിട്ടുണ്ട്. ഇതിന്റെ പണികൾ പൂർത്തിയാക്കിയാൽ നാല് ക്ലാസ്സ് മുറികൾ കൂടി തുറക്കുവാൻ കഴിയും. സ്‌കൂളിന്റെ വികസനത്തിനായി ഒന്നര കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
സ്‌കൂൾ കെട്ടിടത്തിന് മുകളിൽ പണിത നിലയുടെ ഭിത്തി കെട്ടൽ പൂർത്തിയായിട്ടില്ല. ഈ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനായി ഗുണഭോകതൃ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. താത്കാലിക സംവിധാനം എന്ന നിലയിൽ കോന്നി പ്രീയദർശിനി ഹാളിൽ സൗകര്യം ഒരുക്കാമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും ദൂരക്കൂടുതൽ തിരിച്ചടിയായി. പേരൂർകുളത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ടൗൺഹാൾ.