കോന്നി: 1.5 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നിർമ്മാണത്തിന് 1.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചത്. പേരൂർകുളം സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് ഉന്നത നിലവാരത്തിലെത്തിക്കുക എന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. പുനലൂർ-മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
95 വർഷം പഴക്കമുള്ള സ്കൂൾ ഗുരു നിത്യ ചൈതന്യയതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയിൽ പ്രശസ്തവുമാണ്. ആ പ്രാധാന്യം മനസിലാക്കി സ്കൂളിനെ ആധുനികവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ജനങ്ങൾ കാൽനൂറ്റാണ്ടായി ആവശ്യമുയർത്തി വരികയായിരുന്നു. നിലവിലുണ്ടായിരുന്ന കെട്ടിടം ഉപയോഗക്ഷമമല്ലാത്ത സ്ഥിതിയിലായിരുന്നു. തുക അനുവദിച്ച് ഭരണാനുമതി ലഭിച്ച പ്രവർത്തി മണ്ണ് പരിശോധന നടത്തിയപ്പോൾ ജലത്തിന്റെ സാന്നിധ്യം കൂടുതലായതിനാൽ മണ്ണിന് ഉറപ്പില്ലെന്നും അതിനെ മറികടക്കുന്ന കെട്ടിട നിർമ്മാണം ആവശ്യമായി വരികയും ചെയ്തു. തുടർന്ന് പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം ആധുനിക രീതിയിലുള്ള ഫൗണ്ടേഷൻ നിർമ്മാണം ഡിസൈൻ ചെയ്യുകയായിരുന്നു. 1.3 മീറ്റർ താഴ്ചയിൽ മണ്ണ് എടുത്തുമാറ്റിയതിനുശേഷം 10 സെന്റീമീറ്റർ വ്യാസമുള്ള 1500 സാൻഡ് പൈലുകൾ 5 മീറ്റർ നീളത്തിൽ നിർമ്മിക്കും.
സാൻഡ് പൈലിന്റെ മുകളിൽ 20 എം.എം അഗ്രിഗേറ്റും സ്റ്റോൺ ഡസ്റ്റും ചേർന്ന മിശ്രിതം 30 സെന്റീമീറ്റർ കനത്തിൽ നിരത്തും. ഇതിനു മുകളിൽ ഇൻവർട്ടർഡ് ടി ബിം രീതിയിലുള്ള റാഫ്റ്റ് ഫൌണ്ടേഷൻ 60 സെന്റി മീറ്റർ കനത്തിൽ ചെയ്യുന്നു. ഇതിനു മുകളിലായി 30 സെന്റി മീറ്റർ നീളമുള്ള പെടസ്റ്റലിനു മുകളിലായി പ്ലിന്ത് ബിം കോളം എന്നിവയും നിർമിച്ചു കൊണ്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം ഓഫീസ് റൂം ടോയ്ലറ്റുകൾ, ഡൈനിങ് റൂം സ്റ്റെയർ കേയ്സുകൾ എന്നിവയാണ് കെട്ടിടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗവ. കോൺട്രാക്ടർ ഇസ്മയിൽ കുട്ടിയാണ് സ്കൂൾ കെട്ടിട നിർമ്മാണം കരാർ ഏറ്റെടുത്തിരിക്കുന്നത്.
കോന്നിയിലെ ആദ്യകാല സ്കൂളായ ഇവിടെ ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. 1928ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.55.5 സെൻ്റ് സ്ഥലമാണ് സ്കൂളിന് നിലവിലുള്ളത്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉന്നത സൗകര്യത്തോടു കൂടി സ്കൂൾ പുനർനിർമ്മിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിട്ടുള്ളത്. 1923 ൽ വകയാറിൽ ജനിച്ച ഗുരുനിത്യ ചൈതന്യ യതി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് വിദ്യാഭ്യാസം പകർന്നു നല്കിയ സ്കൂൾ ആധുനിക നിലയിൽ പുനർനിർമ്മിക്കുന്നത് നാടിൻ്റെ പൈതൃകം സംരക്ഷിക്കുന്നതിൻ്റെ ഭാഗം കൂടിയാണ്. സർക്കാർ തീരുമാനം വന്നതോടെ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയമായി പേരൂർക്കുളം സ്കൂൾ മാറുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.