കോന്നി : രാവിലെ ഉടമസ്ഥരോടൊപ്പം കാറിലും ഓട്ടോ റിക്ഷയിലും കയറിയ വളർത്തുനായകൾ എവിടേയോ യാത്ര പോകാൻ ആണ് തന്നെ കൊണ്ട് പോകുന്നത് എന്ന് ആദ്യം കരുതിയെങ്കിലും മൃഗാശുപത്രിയിൽ എത്തിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടികിട്ടിയത്. തെരുവ് നായ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി കോന്നി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് അട്ടച്ചാക്കലിൽ ആണ് വളർത്തുനായകൾക്ക് ആദ്യ ഘട്ട വാക്സിനും ലൈസൻസും നൽകിയത്.ഇതിനായി മൃഗാശുപത്രിയിലെ സംഘം രാവിലെ തന്നെ സജ്ജമായിരുന്നു.
വാക്സിൻ എത്താൻ കുറച്ച് വൈകിയെങ്കിലും രാവിലെ തന്നെ വളർത്തുനായകൾ ഉടമസ്ഥരോടൊപ്പം ആശുപത്രിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു.ഒരു വീട്ടിൽ തന്നെ ഒന്നിലധികം നായകൾ ഉള്ളതിനാൽ ഇവയെ എങ്ങനെ കുത്തി വെപ്പിച്ച് മടങ്ങും എന്ന ആശങ്കയിൽ ആയിരുന്നു ഉടമസ്ഥർ.നായകൾ തമ്മിൽ കണ്ടാൽ എത്ര മുന്തിയ ഇനം ആണെങ്കിലും തമ്മിൽ പോരടിക്കും എന്ന് മൃഗാശുപത്രി അധികൃതർക്ക് നേരത്തെ അറിയാവുന്നതിനാൽ വളരെ കരുതലോടെ ആണ് ഇവർ നായകളെ കൈകാര്യം ചെയ്യ്തത്.മറ്റു നായകളെ കണ്ടാൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന നായകളെ ഉടമസ്ഥർ ആശുപത്രിയുടെ മുറ്റത്ത് എത്തിച്ചെങ്കിലും ടോബി,കിട്ടു,സ്‌കൂബി ഡയാന തുടങ്ങിയ നായകൾ ആൾക്കൂട്ടവും മറ്റ് നായകളും അലോസരമുണ്ടാക്കും എന്നതിനാൽ വാഹനങ്ങളിൽ തന്നെ ഇരുന്നു.
എൽ എ മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം വാക്സിനുമായി എത്തിയതോടെ കാര്യം പിടികിട്ടി തുടങ്ങിയ ഇവർ കുതറി ഓടാനും പരുങ്ങി കിടക്കാനും ഒക്കെ തുടങ്ങിയെങ്കിലും ആശുപത്രി അധികൃതർ വിടാൻ കൂട്ടാക്കിയില്ല.ആശുപത്രിയിൽ എത്തിയ മുഴുവൻ വളർത്തുനായകൾക്കും വാക്സിനും ലൈസൻസും നൽകിയാണ് അധികൃതർ വിട്ടത്.പരിപാടിയുടെ ഉദ്ഘാടനം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ ആർ നായർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ജോയ്‌സ് എബ്രഹാം,ശോഭാ മുരളി,സോമൻ സി എസ്,രഞ്ചു ആർ,അർച്ചന ബാലൻ തുടങ്ങിയവർ പങ്കെടുത്തു.